എന്താണ് പഠിപ്പിക്കുന്നത്?അഞ്ചു വര്ഷം പത്തു സെമെസ്റ്ററുകളിലായി പഠിപ്പിക്കുന്ന കോഴ്സിൽ ഡിസൈനിങ് അഥവാ രൂപകൽപന ആണ് ഏറ്റവും പ്രധാന വിഷയം. ആദ്യത്തെ രണ്ടു സെമെസ്റ്ററുകളിലായി ഒരു മുറി, അല്ലെങ്കിൽ ഒരു കവാടം, ഒരു ബസ് വെയ്റ്റിംഗ് ഷെഡ് മുതലായ ചെറിയ ഡിസൈനുകൾ ചെയ്യാൻ തുടങ്ങുന്നു. ചെറിയ ‘സ്പേസെസ്’ (spaces) എന്നാണ് ആർക്കിടെക്ചർ ഭാഷയിൽ പറയുന്നത്, സ്പേസ് എന്നാൽ ഒരു ഇടം. ഒരു സെക്യൂരിറ്റി ക്യാബിൻ, അല്ലെങ്കിൽ ഒരു ATM, ഒരു ചെറിയ സ്പേസ് ആണ്, ഒരു മൈതാനം, ഒരു കോളേജ് ക്യാമ്പസ് ഒക്കെ വലിയ സ്പേസ്. ഒരു സെക്യൂരിറ്റി ക്യാബിൻ ഡിസൈൻ ചെയ്യാൻ എന്താണ് ബുദ്ധിമുട്ട് എന്ന് ഒന്ന് ആലോചിക്കുക. ഒരു മനുഷ്യന് ഇരിക്കാനും അത്യാവശ്യം ഭക്ഷണം കഴിക്കാനും വേണ്ട ഒരു മുറി. എന്നാൽ തുടക്കക്കാരനായ ഒരു വിദ്യാർത്ഥി ഒരു സെക്യൂരിറ്റി ക്യാബിൻ ഡിസൈൻ ചെയ്യാൻ ഏതാണ്ട് രണ്ടു മാസം എടുക്കും. ഇത്തരം ചെറിയ ഡിസൈൻ പ്രൊജെക്ടുകളിലൂടെ പുരോഗമിച്ച് മൂന്നാം സെമെസ്റ്ററിൽ എത്തുമ്പോൾ ആണ് ഒരു വീട് ഡിസൈൻ ചെയ്യാൻ നൽകുന്നത്. വീട് നിർമിക്കുന്ന ആളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനോടൊപ്പം തന്നെ ഡിസൈനിലൂടെ ആർക്കിടെക്ട് ഒരു കലാരൂപം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം സമൂഹത്തിനുപകരിക്കുന്ന ഒരു ആശയം. ഇതെല്ലാം ചേരുമ്പോൾ ആണ് ഒരു നല്ല ഡിസൈൻ ഉണ്ടാകുന്നത്. കാലാകാലങ്ങളായി പ്രഗത്ഭരായ ആർക്കിടെക്ടുകൾ ചെയ്ത ചില വീടുകൾ- – ഇവ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാം, എത്രയോ വ്യത്യസ്തമായ, കാലത്തിനുതകുന്ന ആശയങ്ങൾ ആണ്, എത്രയോ മഹത്തരമായ രൂപകല്പനകൾ ആണ് ഇവ എന്ന്. ഇവയിൽ ആദ്യം പറഞ്ഞ ഉദാഹരണങ്ങൾ കൂടുതൽ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണെന്നും കൂടുതൽ പുരുഷ ആർക്കിടെക്ടുകൾ ഡിസൈൻ ചെയ്തതാണെന്നും കാണാം. പിന്നീട് ഏഷ്യൻ , ആഫ്രിക്കൻ സ്ത്രീ-പുരുഷ ആർക്കിടെക്ടുകൾ അതെ പ്രാഗത്ഭ്യത്തോടെ ചെയ്ത ഡിസൈനുകൾ ആണ്. എന്ത് കൊണ്ടാണിങ്ങനെ, മറ്റെന്തൊക്കെയാണ് ഡിസൈനുകളെ influence ചെയ്യുന്ന ഘടകങ്ങൾ ഇവയൊക്കെ തിയറി ക്ലാസ്സുകളിൽ വിദ്യാർഥികൾ പഠിക്കുന്നു. ഏതാണ്ട് 150-200 ഓളം പ്രമുഖ ആർക്കിടെക്ടുകളെക്കുറിച്ചും അവരുടെ വർക്കുകളെക്കുറിച്ചും അഞ്ചു വർഷത്തിനുള്ളിൽ വിശദമായി പഠിക്കുന്നു ഈ കോഴ്സിൽ.തുടർന്നുള്ള പത്തു സെമെസ്റ്ററുകളിലായി കിൻഡർഗാർട്ടൻ, സ്കൂൾ, ഫ്ലാറ്റുകൾ, കൊമേർഷ്യൽ പ്രൊജെക്ടുകൾ- ഷോപ്പിംഗ് മാൾ, ഓഫീസുകൾ, പബ്ലിക് ബിൽഡിങ്ങുകൾ, ഫൈവ് സ്റ്റാർ ഹോട്ടൽ, റിസോർട്, ആഡിറ്റോറിയം, ഹോസ്പിറ്റൽ തുടങ്ങിയവയുടെ ഡിസൈൻ മുതൽ ഒരു നഗരത്തിന്റെ ഒരു ചെറിയ ഏരിയ- തൃശൂർ റൌണ്ട്, എറണാകുളം എം ജി റോഡ്, കോഴിക്കോട് എസ് എം സ്ട്രീറ്റ്, തിരുവനന്തപുരം കിഴക്കേക്കോട്ട ഒക്കെ പോലെ- ഒരു സ്ഥലത്തെക്കുറിച്ച് പഠിച്ച് ആ സ്ഥലം ചെറിയ ഡിസൈൻ മാറ്റങ്ങൾ വഴി എങ്ങനെ വളരെയധികം മെച്ചപ്പെടുത്താം എന്ന് വരെയുള്ള കാര്യങ്ങൾ ഒരു ബി. ആർക് വിദ്യാർത്ഥി പഠിക്കുന്നു. അഞ്ചു സെമസ്റ്റർ എന്നാൽ ഏതാണ്ട് 800 ദിവസം. അത്രയും സമയം കൊണ്ട് ഇത്രയധികം പ്രൊജെക്ടുകൾ ചെയ്യുന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഒരു സെമെസ്റ്ററിൽ രണ്ടു പ്രൊജക്റ്റ് വീതം ചെയ്താൽ ഏതാണ്ട് എല്ലാത്തരം പ്രൊജെക്ടുകളും ചെറിയ രീതിയിൽ എങ്കിലും കൈകാര്യം ചെയ്യാൻ പഠിക്കാം. ഓരോ പ്രോജെകടും വ്യത്യസ്തമായ വെല്ലുവിളികൾ ആണ് കൊണ്ട് വരുന്നത്. ചിലപ്പോൾ ഒരു കുന്നിൻ ചെരുവിൽ ആവാം സൈറ്റ്, അതായത് ഡിസൈൻ പല തട്ടുകളിൽ ചെയ്യണം. ചിലപ്പോൾ ഒരു പാട് ഉയരത്തിലുള്ള ഒരു ബഹുനിലക്കെട്ടിടം ആകാം. ചിലപ്പോൾ ഒരുപാട് ഡിപ്പാർട്മെന്റുകൾ ഉള്ള ഒരു ആധുനിക ആശുപത്രി ആകാം, ഏറ്റവും നല്ല ഡോൾബി സംവിധാനവും ശബ്ദപ്രക്ഷേപണവും വേണ്ട, ഒത്തിരി ആളുകൾ വരുന്ന ഒരു തീയറ്ററോ കൺവെൻഷൻ ഹാളോ ആകാം. ഇതേക്കുറിച്ചെല്ലാം അടിസ്ഥാനമായ ഒരു അറിവെങ്കിലും ഇല്ലാതെ ആർക്കിറ്റെക്റ് ആയാൽ ഒരു യഥാർത്ഥ വർക്ക് വരുമ്പോൾ (ആദ്യകാലങ്ങളിൽ വരാനുള്ള സാധ്യത വിരളം) എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന അവസ്ഥ വരും. അതുകൊണ്ടാണ് പത്തു സെമെസ്റ്ററിൽ പരമാവധി വൈവിധ്യമുള്ള, വെല്ലുവിളികൾ ഉള്ള പ്രൊജെക്ടുകൾ കുട്ടികൾക്ക് ഡിസൈൻ ചെയ്യാൻ നൽകുന്നത്. ഓരോ ബാച്ചിന്റെയും മികവും അധ്വാനിക്കാനുള്ള അവരുടെ മനസ്സാനിധ്യവും പോലെ ഇരിക്കും എത്ര പ്രൊജെക്ടുകൾ അവർക്ക് നൽകുന്നു എന്നത്. ഈ പറഞ്ഞ പ്രൊജെക്ടുകൾ കൂടാതെ ചെറിയ ടൈം പ്രൊജെക്ടുകൾ – കൃത്യമായ സമയത്തിൽ തീർക്കേണ്ടത്- നൽകും. ഒരു ചെറിയ കഫേ, ക്ലിനിക്, ഗേറ്റ് തുടങ്ങിയ ഡിസൈൻ. ഇത് കൂടാതെ ലാൻഡ്സ്കേപ്പ്, ഇന്റീരിയർ ഡിസൈൻ എന്നീ തിയറികളുടെ ഭാഗമായും ഡിസൈൻ പ്രൊജെക്ടുകൾ ഉണ്ടാകും. കോഴ്സിനിടയിൽ ഒരു സെമസ്റ്റർ ഒരു ആർക്കിടെക്ട ന്റെ ഓഫീസിൽ ട്രെയിനിങ് ഉണ്ടാകും. അവിടുത്തെ ഒരു സ്റ്റാഫിനെ പോലെ വർക്ക് ചെയ്യണം. ഇതിനെല്ലാം ശേഷം സ്വന്തമായി ഒരു വലിയ പ്രൊജക്റ്റ് തെരഞ്ഞെടുത്ത് ഒരു ഫാക്കൽറ്റിയുടെ മാർഗനിർദേശം അനുസരിച്ച് ഡിസൈൻ ചെയ്യുന്ന തീസിസ് ആണ് അവസാനത്തെ സെമസ്റ്റർ. ഇതിനിടയിലുള്ള തിയറി ക്ലാസുകൾ സ്ട്രക്ടച്ചറൽ ഡിസൈൻ, കെട്ടിട നിർമാണ വസ്തുക്കൾ, പുതിയ നിര്മാണരീതികൾ, ഡിസൈനിങ് നും നിർമാണത്തിനും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതികൾ, ഒരു ആർക്കിടെക്ചർ ഫേം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ, സമൂഹവും സംസ്കാരവും പാരമ്പര്യ രീതികളും, സ്കെച്ചിങ്, മാത്സ്, എസ്റ്റിമേഷൻ, സർവ്വേ അങ്ങനെ വളരെക്കാര്യങ്ങൾ ഉള്പെടുത്തിയിട്ടുള്ളതാണ്. ബി.ആർക് വിജയകരമായി നല്ല രീതിയിൽ പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഒരു ആർക്കിടെക്ടിന് ഏതു തരം കെട്ടിടവും ഓപ്പൺ സ്പേസും ഡിസൈൻ ചെയ്യാൻ സാധിക്കും- ക്ലൈയന്റിന്റെ ആവശ്യങ്ങൾ സാധിച്ച്, ഒപ്പം തന്നെ കാഴ്ചക്ക് സുന്ദരവും പ്രകൃതിക്ക് ഇണങ്ങുന്നതും കാലാവസ്ഥക്ക് അനുയോജ്യവും സമൂഹത്തിനു ഒരു പുതിയ ആശയം നൽകുന്നതുമായ രീതിയിൽ. സമൂഹത്തിനു നൽകുന്ന പുതിയ ആശയം എന്നത് ഊന്നിപ്പറയുന്നു.ഡിസൈൻ ക്ലാസുകൾ, അഥവാ ഡിസൈൻ സ്റ്റുഡിയോ,ആഴ്ചയിൽ 10-12 മണിക്കൂർ ക്ലാസ് ടൈം ന്റെ ഭാഗമായും പിന്നെ എണ്ണമറ്റ മണിക്കൂറുകൾ ക്ലാസിനു പുറത്തും നടക്കുന്നു.അവസാനത്തെ ഉല്പന്നമല്ല പ്രോസസ്സ് ആണ് പ്രധാനം. ഇന്റർനെറ്റിലും മറ്റും ധാരാളം നല്ല ഡിസൈനുകൾ കാണുമ്പോൾ അത് അതേപടി പകർത്തുകയല്ല, സ്വന്തമായ ഒരു രൂപകല്പനാരീതി വികസിപ്പിച്ചെടുത്തു പ്രകൃതിക്കും സൈറ്റിനും ഇണങ്ങുന്ന ഡിസൈൻ തയ്യാറാക്കുകയാണ് വേണ്ടത്, അതിന് കൃത്യമായ ഡിസൈൻ പ്രോസസ്സ് ആവശ്യമാണ്.പ്രഗത്ഭരായ അധ്യാപകർ പലപ്പോഴും തങ്ങളുടെ അക്കാഡമിക് പരിജ്ഞാനം വർധിപ്പിക്കുമ്പോൾ പ്രായോഗിക പരിചയം കുറഞ്ഞേക്കാം എന്നതു മനസ്സിലാക്കി തന്നെ കോളേജുകളിലെ ആർക്കിടെക്ചർ ഡിപ്പാർട്മെന്റുകളുടെ കോൺസൾട്ടൻസി പ്രൊജെക്ടുകൾ വഴി ഇത് തരണം ചെയ്യാൻ ശ്രമിക്കുന്നു, കൂടാതെ ഒട്ടുമിക്ക നല്ല പ്രാക്ടിസിങ് ആർക്കിടെക്ടുൿളെയും അക്കാഡമിക്സ്ന്റെ ഭാഗമാക്കി അവരുടെ ക്ലാസുകൾ സംഘടിപ്പിക്കുക, ഡിസൈൻ ജൂറികൾക്ക് അവരെ ക്ഷണിക്കുക മുതലായവയിലൂടെ പ്രായോഗിക അറിവുകൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുകയും ചെയുന്നു. പ്രൊഫഷണൽ ആർക്കിടെക്ററ് രൂപകൽപന ചെയ്ത് നിർമിക്കുന്ന കെട്ടിടങ്ങളുടെ പ്ലാനിംഗ് മികവ്, മെറ്റീരിയൽസിന്റെ ശരിയായ ഉപയോഗരീതി, മനോഹാരിത, ഉയർന്ന നിലവാരമുള്ള സൗന്ദര്യമാനദണ്ഡങ്ങൾ (aesthetics), ചിലവുകുറവ് (അത് ആവശ്യമുള്ളവർക്ക്) തുടങ്ങിയവ മനസ്സിലായതോടെ ആളുകളുടെ ഇടയിൽ ആർക്കിടെക്ടിനെക്കുറിച്ചു മതിപ്പേറുകയും അവർ പ്രൊഫഷണൽ സഹായം തേടിത്തുടങ്ങുകയും ചെയ്തു. ദേശീയതലത്തിൽ കൌൺസിൽ ഓഫ് ആർക്കിടെക്ചർ ന്റെ ലൈസെൻസോടു കൂടി ആർക്കിടെക്ട് ആക്ടിൽ പറയുന്ന ഫീസ് സ്ട്രക്ച്ചർ അനുസരിച്ചാണ് ഇന്ന് ഇന്ത്യയിൽ ആർക്കിടെക്ചർ പ്രാക്ടീസ് നടക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് എന്ന പ്രൊഫഷണൽ അസോസിയേഷനും ഊര്ജിതമാണ്. ഈ നിര്മാണമേഖലയും ആർക്കിടെക്ചർ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നിത്യേനയെന്നോണം പരസ്പര വിനിമയം (industry – institution interaction) നടക്കുന്നതിനാൽ ഇൻഡസ്ട്രയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ – പുതിയ സാങ്കേതിക വിദ്യ, പുതിയ സോഫ്ട്വെയറുകളുടെ ഉപയോഗം, പുതിയ സിദ്ധാന്തങ്ങൾ, പുതിയ നിര്മാണസാമഗ്രികൾ, ഇവയെല്ലാം തന്നെ അപ്പപ്പോൾ വിദ്യാർത്ഥികളിൽ എത്തുന്നു, അതുപോലെ പുതു തലമുറകളുടെ പുതിയ ക്രീയേറ്റീവ് ആശയങ്ങൾ വേഗം തന്നെ പ്രൊഫഷണൽ ഫേമുകളിലും എത്തുന്നു. തീർച്ചയായും വളരെ ഇന്റെൻസ് – തീവ്രമായ- പഠനമാണ് ഇവിടെ നടക്കുന്നത്, ഇനി അങ്ങനെ അല്ലെങ്കിൽ അത് അങ്ങനെ ആവണം. കാരണം നേരത്തെ പറഞ്ഞത് പോലെയുള്ള പല തരത്തിൽ (ടൈപോളജി) പല വലിപ്പത്തിൽ (സ്കെയിൽ) പ്രൊജെക്ടുകൾ- അതും റിയൽ ലൈഫ് (പണിയാൻ സാധ്യതയുള്ള) പ്രൊജെക്ടുകൾ ചെയ്യുമ്പോൾ ഇത് സ്വാഭാവികം. അതിൽ തന്നെ എല്ലാ തരം പ്രൊജെക്ടുകളും അഞ്ചു വർഷത്തിൽ ചെയ്യാനാവില്ല. ഒരു പ്രോജെക്ടിൽ തന്നെ നൂറുകണക്കിന് രീതിയിൽ രൂപകൽപന സാധ്യമാണ്. 100% ശരി എന്ന് പറയാവുന്ന ഒരു ഉത്തരം , ഒരു സൊല്യൂഷൻ, ഇവിടെ ഇല്ല. ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പഠിപ്പിക്കാവുന്ന ഒന്നും അല്ല. പഠിക്കുന്ന തിയറി യുടെ യും പരിശീലിപ്പിക്കുന്ന പ്രോസസ്സുകളുടെയും അടിസ്ഥാനത്തിൽ കുട്ടികൾ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളാണ്. അതിന്റെ ശരി തെറ്റുകൾ ചൂണ്ടിക്കാണിക്കാനെ അധ്യാപകന് കഴിയൂ. കൂടുതൽ കാണിക്കുന്നത് തെറ്റുകൾ ആവും, കാരണം അഞ്ച് വര്ഷം കഴിഞ്ഞ അവർ പുറത്തിറങ്ങി ലോകത്തെ നേരിടേണ്ടി വരുമ്പോൾ തെറ്റുകൾ പരമാവധി ഇല്ലാതെ ഡിസൈൻ ചെയ്യാൻ ആണ് അവർ അറിയേണ്ടത്. അതുകൊണ്ട് തന്നെ ഡിസൈൻ ജൂറികൾ ‘ക്രിറ്റ്’ എന്നാണ് അറിയപ്പെടുന്നത്- വിമർശനമാണ് മുഖ്യം. അത് കഠിനവും ആയേക്കാം. അതൊക്കെ നേരിടാനുള്ള മനക്കട്ടി കുട്ടികളിൽ ഉണ്ടാകുക എന്നതും വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് പലപ്പോഴും. ഒരു അധ്യാപകന്റെ ഒറ്റക്കുള്ള അഭിപ്രായ പ്രകടനം ആകാതിരിക്കാൻ വേണ്ടിയാണ് ഓരോ ഡിസൈൻ സ്റ്റുഡിയോയിലും മൂന്നോ അതിലധികമോ അധ്യാപകർ ഉള്ളത്, കൂടാതെ പുറത്തു നിന്നുള്ള ഒരു ആർക്കിടെക്ടിന്റെ നിഷ്പക്ഷമായ മൂല്യനിർണയം ആണ് ജൂറിയിൽ നടക്കാറുള്ളത്. പഠനം കഴിഞ്ഞു പുറത്തുവന്ന് പ്രാക്ടീസ് ആരംഭിക്കുന്നതോടെ അധ്യാപകരെ തേടിപ്പിടിച്ചു ശിഷ്യർ നന്ദി പറയുന്നത് ഒരുസ്ഥിരം കാഴ്ച ആണ്.